മൈനപ്പെണ്ണ്‍



മൈനപെണ്ണേ സുന്ദരി ,
അറിയുന്നു ഞാന്‍ ഓമനേ,നിന്‍
മൌനശരങ്ങള്‍ നല്കിയ-
മുറിപാടുകളോടെ....
മനസ്സില്‍ ഒരു പിടി നോവുമായി
മായ്ച്ചിടും കാലമീ -
മ്ലാനതകള്‍ എന്ന
മിഥ്യാധാരണയാല്‍;കണ്ണീര്‍
മഴ നല്കും നനവോടെ.
മൈനപെണ്ണേ സുന്ദരി
മൌനത്തിന്‍ ആദ്യാക്ഷരങ്ങള്‍
മനപാഠമാക്കി തന്നവള്‍ നീ.
മന്ദസ്മിതങ്ങളെ
മധുരത്തിന്‍ നിറം ചാലിച്ച് നീ
മുക്കിയെടുത്ത് എന്‍
മുന്നിലെറിഞ്ഞു തന്നപ്പോള്‍
മുറിക്കുള്ളിലെ നിലാവ്‌ കണ്ടത്
മിടിക്കും നെഞ്ചിലെ അര്‍ത്ഥശൂന്യത.
മൈനപെണ്ണേ സുന്ദരി
മനസിലുണ്ട് നീ സഖി;ഒരു
മാറാ വ്യാധി പോലെ!
മറന്നിട്ടും നിന്‍
മൌനാക്ഷരങ്ങള്‍ എന്‍
മസ്തിഷ്കത്തില്‍ താളം കൊട്ടുന്നു.
മൈനപെണ്ണേ സുന്ദരി,നിന്‍
മിഴികളിലെ സ്വപ്നം ഒരു
മഴയാല്‍ പൂത്തുലഞ്ഞിടട്ടെ;എന്‍ -
മിഴിമഴയില്‍ കുതിര്‍ന്നൊരു പ്രാര്‍ത്ഥന-
മാത്രം നിനക്കായി എന്‍ സഖീ !!