ഒരു നിമിഷം

Photobucket
വരാനിരിക്കുന്നതെന്താണെന്നറിയില്ല,
കഴിഞ്ഞതെല്ലാം എന്തിനാണെന്നറിയില്ല,
നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്നറിയില്ല.
കേള്‍ക്കുവാനൊരുപാട് പേര്‍ ചുറ്റിനുന്ടെങ്കിലും 
പറയുവാന്‍ ഒരു പാടുണ്ടെങ്കിലും
ഒന്നും കേള്‍ക്കാനോ 
ഒന്നും പറയാനോ 
കഴിയാത്തൊരവസ്ഥ.
ആരോട് പറയുമെല്ലാം
എവിടെ കൊണ്ടു തള്ളും
മനസ്സിലെ കഥനങ്ങളെല്ലാം,
ഭാരം ചുമന്നിനി യാത്ര വയ്യ!
**************************************
ഒരു തണല്‍ മരം കാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 
ഒരു അത്താണി കിട്ടിയിരുന്നെങ്കില്‍ 
ഒരു തുള്ളിവെള്ളം നല്കപ്പെട്ടിരുന്നെങ്കില്‍,
ആശ്വാസമായി ഒന്നുറങ്ങാമായിരുന്നു,
ആരെയും വേദനിപ്പിക്കാതെ 
ഇവിടെ മയങ്ങിക്കിടക്കാമായിരുന്നു,
**************************************
നക്ഷത്രങ്ങളെണ്ണി,
ചന്ദ്രനെനോക്കി 
സൂര്യനെ പ്രതീക്ഷിച്ച്,
ഒരു പൊന്‍ പുലരി സ്വപ്നം കണ്ട് 
എല്ലാം മറന്ന്
എല്ലാം മായിച്ച് കൊണ്ടു 
ഒരു പുഷ്പ്പമായി 
ഒരു നിശാഗന്ധിയായി 
എവിടെയെങ്കിലും വിരിയാമായിരുന്നു 
ഒരു ശവനാറി പൂവായി 
എവിടെയെങ്കിലും പൊഴിയാമായിരുന്നു.
------------------------------------------------------------------------

[ജീവിത യാഥാര്‍ത്യങ്ങളുമായി പൊരുത്തപെടാന്‍ എത്ര പ്രയാസം.വേദനകള്‍ തിന്നാന്‍ മാത്രം പാകപ്പെട്ടിട്ടില്ല എന്‍റെ പല്ലുകള്‍ ...വിശ്വാസങ്ങള്‍ കിടയില്‍ കടന്നു കൂടുന്ന ചില അവിശ്വാസങ്ങളെ ,നിങ്ങള്‍ എത്ര ക്രൂരന്മാര്‍ ....മനസ്സൊന്നു പാകപ്പെടട്ടെ....ഞാന്‍ ഒന്ന് പാകപ്പെടുത്തട്ടെ....എനിക്കും ജീവിക്കണം ഈ ഭൂമിയില്‍ ....ജീവിച്ചു മരിക്കാനാണെനിക്കിഷ്ട്ടം....മരിച്ച് ജീവിക്കുന്നതിനേക്കാള്‍ ഏറെ ....]

[2003 ഒരു കവിത ]
 ചിത്രം , കടപ്പാട് : ഗൂഗിള്‍